Thursday, November 20, 2008

ഒറ്റ നോട്ടത്തില്‍.

വിഭജനാന്തരം ആശയറ്റ്‌ ,അലസ്യത്തിന്റെ ഭാണ്ഡം പേറിയ ഇന്ത്യന്‍ മുസല്‍മാന്റെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്താന്‍, ഒരു പിതാമഹന്റെ വാത്സ്യല്യത്തോടെ പ്രതീക്ഷയുടെ കിരണങ്ങള്‍ നിറഞ്ഞ ശാദ്വലതീരം കാണിച്ചുത്തന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഇല്‍ സാഹിബ്‌ എന്ന മദിരാശിയിലെ ദയാ മന്സിലിലെ കറുത്ത കോട്ടുകാരന്‍ 1948 മാര്‍ച്ച് 10ന് ഒരു രാഷ്ട്രീയ കൂട്ടാഴ്മക്ക് ജന്മം നല്കി. അതെ, അതാണ് "ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ". ഇന്ന്‍ ലീഗ് വളര്‍ച്ചയുടെ അതിവേഗ പാതയിലൂടെ സഞ്ചരിച്ച് അറുപത് ആണ്ട് പിന്നിട്ടു നില്ക്കുന്നു. പിന്നിട്ട വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല . നിരവധി പ്രതിസന്ധികളേയും പ്രയാസങ്ങളെയും തരണം ചെയ്ത ലീഗ് ഇന്ത്യയിലെ മര്‍ദ്ദിത ജനകൊടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭരണഘടന വകവെച്ചു നല്കിയ അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയവ തെല്ലും കോട്ടം തട്ടാതെ നിലനിര്‍ത്താനുമുള്ള ധീര പോരാട്ടത്തിന്റെ വഴിയിലാണ് ഇന്നും . ലീഗ് സ്ഥാപിത ലക്ഷ്യമായ ജനോപകാര പ്രവര്‍ത്തനവുമായി പ്രയാണം തുടര്‍ന്നപ്പോള്‍ വിരോധികള്‍ക്ക് പോലും മുന്‍വിധികള്‍ ഉപേക്ഷിച്ച് അംഗീകരികേണ്ടിവന്നു . കേരളത്തില്‍ ബാഫഖി തങ്ങളും സീതി സാഹിബും ഖാഇദെ മില്ലത്തിന്റെ തിരുകരങ്ങള്‍ക്ക് ശക്തി പകര്‍ന്ന്കൊണ്ടിരുന്നു . അതോടെ, മാപ്പിള മണ്ണും മനസ്സും ഒരുപോലെ അവരുടെ വചനങ്ങള്‍ക്ക് സാകൂതം കാതോര്‍ത്തു. ഒരു മധുരിക്കും മാപ്പിളപ്പാട്ട് പോലെ ആസ്വദിച്ചു. താരാട്ട് പോലെ ഏറ്റുപാടി . അങ്ങിനെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പടവൃക്ഷം പോലെ ലീഗ് വളര്‍ന്നു പന്തലിച്ച് തണലേകാന്‍ തുടങ്ങി. ഇന്നും തുടരുന്നു. ജനം ലീഗിനെ സ്നേഹിച്ചു . ലീഗ് മറിച്ചും .ലീഗിനെയും അതിന്റെ അര്‍ദ്ധ ചന്ദ്ര താരാംഗിത ഹരിത പതാകയെയും മാരോട് ചേര്‍ത്ത് പിടിച്ച ചിലര്‍ മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി പിറന്ന വീടും വളര്‍ന്ന നാടും വിട്ടു , ജീവിതത്തിന്‍റെ വഴികള്‍ തേടി , സംസമെന്ന ആത്മീയ ജലം കൊണ്ടും പെട്രോജലമെന്ന ഭൌധിക സ്രോധസ് കൊണ്ടും അനുഗ്രഹിക്കപ്പെട്ട മരുപ്പറമ്പില്‍ എത്തിപ്പെടുകയുണ്ടായി . വിരഹ ദു:ഖങ്ങളുടെ നേരിപ്പോടുകക്കിടയിലും , പ്രിയപ്പെട്ടവളുടെ കുറിപ്പുകളുടെ പതിവ് പരിഭവങ്ങല്‍ക്കിടയിലും തന്റെ ആത്മാവിന്റെ അംശമായ ലീഗ് പ്രസ്ഥാനത്തെ മാനസ കൊട്ടാരത്തില്‍ കുടിയിരുത്താന്‍ അവര്‍ വിസ്മരിച്ചില്ല. മലയാളത്തിന്റെ മണ്ണിനെ മഹിതമാക്കി മറഞ്ഞുപോയ കഴിഞ്ഞകാല തലമുറകള്‍ ത്യാഗപൂര്‍ണമായ വീതികളിലൂടെ യാത്ര തുടര്‍ന്ന്‍ ഉയര്‍ത്തിപ്പിടിച്ച പച്ചകൊടിയുടെ തണലില്‍ ജനം തങ്ങളുടെ വര്‍ത്തമാനവും ഭാവിയും കരുപ്പിടിപ്പിക്കുന്നത്കാണാനുള്ള ഉല്‍ക്കടമായ ആവേശത്തോടെ നാട്ടില്‍ നിന്നുള്ള ഏത് ആഹ്വാനത്തിനും അവര്‍ ചെവികൊടുത്തു. ആ സുമനസ്സുകളില്‍ ആഴ്ന്നിറങ്ങിയ അതിശക്തമായ രാഷ്ട്രീയബോധത്തിന്റെ പ്രതീക ചിത്രമായി അവര്‍ക്കൊരു കൂട്ടാഴ്മയുണ്ടായി. അതെ ,അതാണ്‌ "കേരളാ മുസ്ലിം കല്ച്ചരല്‍ സെന്റെര്‍ ".